ജനറൽ കംപാർട്മെന്റിലും സീറ്റുകൾ ‘റിസർവ്ഡ്’: ‘സീറ്റ് പിടിത്തം’ തുടർന്നാ‍ൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്


ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ കൂട്ടത്തോടെ ‘സീറ്റു പിടിച്ച്’ സുഹൃത്തുക്കൾക്കു നൽകുന്നതു പതിവാകുന്നതു യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരോട് സ്ഥിരം യാത്രക്കാർ പരാതിപ്പെട്ടു. ‘സീറ്റ് പിടിത്തം’ തുടർന്നാ‍ൽ നടപടി സ്വീകരിക്കുമെന്നാണ് ആർപിഎഫിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് രാവിലെ 7.23നു തലശ്ശേരിയിൽ എത്തുമ്പോൾ കണ്ണൂരിൽ നിന്നു കയറുന്ന സുഹൃത്തുക്കൾക്കു വേണ്ടി കൂട്ടത്തോടെ സീറ്റ് പിടിച്ചു വച്ചതു മറ്റു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.

ബാഗ്, തൂവാല, കുട എന്നിവ വച്ചാണു സീറ്റ് പിടിക്കുന്നത്. മറ്റു യാത്രക്കാർ തിങ്ങി ഞെരുങ്ങി നിൽക്കുമ്പോഴാണിത്. സീറ്റിലിരിക്കുന്ന സാധനം മാറ്റി യാത്രക്കാർ ഇരിക്കാൻ ശ്രമിച്ചാൽ അവരോട് തട്ടിക്കയറുന്നതും പതിവായിരിക്കുകയാണ്. വൈകുന്നേരം അഞ്ചിനു കോഴിക്കോട് വിടുന്ന പരശുറാം എക്സ്പ്രസിലും രാവിലെ 7.37നു കോഴിക്കോട് വിടുന്ന കണ്ണൂർ എക്സ്പ്രസിലും വൈകുന്നേരം ആറിനു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന യശ്വന്ത്പുര എക്സ്പ്രസിലും ഇത്തരത്തിൽ സീറ്റ് പിടിത്തം പതിവാണെന്നാണു പരാതി. ഇതുസംബന്ധിച്ച പരാതി വ്യാപകമായതോടെ കർശനനടപടി സ്വീകരിക്കാനാണ് ആർപിഎഫിന്റെ തീരുമാനം.


Leave a Reply

Your email address will not be published. Required fields are marked *