വണ്ണാത്തിപ്പുഴയുടെ തീരത്തെ ടൂറിസം പാർക്ക് പദ്ധതി പാതിവഴിയിലിട്ടിട്ട് വർഷങ്ങളായി


വണ്ണാത്തിപ്പുഴയുടെ തീരത്തെ ടൂറിസം പാർക്ക് പദ്ധതി പാതിവഴിയിലിട്ടിട്ട് വർഷങ്ങളായി. പത്തുവർഷം മുൻപ് തുടക്കമിട്ട പദ്ധതി കാടുവിഴുങ്ങി പന്നികൾക്കും കുറുക്കന്മാർക്കും വിഹരിക്കാനുള്ള ഇടമായി മാറി.പിലാത്തറ-മാതമംഗലം റോഡിൽ ചന്തപ്പുര വണ്ണാത്തിക്കടവ് പാലത്തിനു സമീപമാണ് പുഴയരികിൽ പാർക്ക് വിഭാവനം ചെയ്തിരുന്നത്. 37.5 ലക്ഷം രൂപ ചെലവിട്ട് പ്രാഥമിക പ്രവൃത്തി നടത്തിയ സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്.സർക്കാർ ഭൂമിയിലാണ് ടൂറിസം പാർക്കിന്‌ പദ്ധതിയിട്ടത്. ഇതിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. തുടക്കമിട്ടെങ്കിലും പാർക്ക് ഇപ്പോൾ ഒന്നുമാകാതെ കിടക്കുന്നു. 2016 ഡിസംബറിൽ പാർക്കിന്റെ പണി തുടങ്ങി. 2021-ൽ പദ്ധതിയുടെ നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്ര ഒന്നാം ഘട്ട പ്രവൃത്തിയുടെ ഫൈനൽ ബില്ല് സമർപ്പിച്ചു. എന്നാൽ അടുത്ത ഘട്ടം പ്രവൃത്തി തുടങ്ങുകയോ പദ്ധതി പൂർത്തികരിക്കുകയോ ചെയ്തില്ല. വണ്ണാത്തിപ്പുഴയുടെ ഗ്രാമീണ സൗന്ദര്യവും ചരിത്രപശ്ചാത്തലവും വിളിച്ചോതുന്ന വിപുലമായ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ചന്തപ്പുരയിൽ ടൂറിസം പാർക്ക് ലക്ഷ്യമിട്ടത്. ഇവിടെ നിന്ന് നടന്നെത്താവുന്ന ദൂരം മാത്രമുള്ള വണ്ണാത്തിപ്പുഴയിലെ മീങ്കുഴി അണക്കെട്ടിനോട് ചേർന്ന് നടപ്പിലാക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയും പെരുമ്പ പുഴയോരത്തുള്ള ഇക്കോ ടൂറിസം പദ്ധതിയും കോർത്തിണക്കുമ്പോൾ ചന്തപ്പുര വണ്ണാത്തിക്കടവിലെ പദ്ധതിയും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പേകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.


Leave a Reply

Your email address will not be published. Required fields are marked *