ജലജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ വെച്ചിരിക്കുന്ന ഭീമൻ പൈപ്പുകൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.


ബ്ലാത്തൂർ: ജലജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ വെച്ചിരിക്കുന്ന ഭീമൻ പൈപ്പുകൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കണിയാർവയൽ ഉളിക്കൽ റോഡിൽ മണ്ണേരി മുതൽ മഞ്ഞാങ്കരി വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് റോഡിനോട് ചേർന്ന് കൂറ്റൻ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡിൽനിന്ന് അല്പം ഒന്ന് മാറിയാൽ പോലും വാഹനങ്ങൾ പൈപ്പുകളിൽ ഇടിച്ചുകയറാൻ സാധ്യതയുള്ള തരത്തിലാണ് ഇവ കിടക്കുന്നത്. വളവുകളിലും റോഡിന്റെ വശങ്ങളിലുമുള്ള പൈപ്പുകൾ വാഹനമോടിക്കുന്നവർക്ക് പ്രത്യേകിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പൈപ്പുകൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. നൂറുകണക്കിന് വിദ്യാർഥികൾ ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. സമീപ പ്രദേശങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ കാൽനടയായി ഈ വഴിയിലൂടെ പോകുന്നുണ്ട്. എന്നാൽ റോഡരികിൽ മതിയായ നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് വാഹനങ്ങൾക്കിടയിലൂടെ റോഡിലൂടെ തന്നെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതിനുപുറമെ റോഡരികിൽ കിടക്കുന്ന കൂറ്റൻ പൈപ്പുകൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാനുള്ള സൗകര്യവും ഇല്ലാതാക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ വിദ്യാർഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും സുരക്ഷിതമായി മാറിനിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *