സിഗ്മ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ് നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ജേസൺ സഞ്ജയ്. സിഗ്മയുടെ സംവിധായക കുപ്പായമണിഞ്ഞാണ് താരപുത്രന്റെ ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവേശനം. അച്ഛൻ മുഖ്യമന്ത്രി ആയതിനു ശേഷം തങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജേസൺ സഞ്ജയ്. ഇപ്പോൾ തനിക്ക് കുറച്ച് പരിമിതികൾ ഉണ്ടെന്നും രാഷ്ട്രീയപരമായോ സിനിമകളുടെ കാര്യമായാലും അച്ഛന്റെ കാര്യങ്ങളിൽ നിന്ന് താൻ കഴിവതും മാറി നിൽക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. എപ്പോഴും തങ്ങളെ വിമർശിക്കാൻ ആളുകള്‍ ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതൊന്നും ചെയ്യുന്നില്ലെന്ന് താൻ ഉറപ്പാക്കുമെന്നും ജേസൺ പറയുന്നു. തന്റെ പിതാവ് ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണെന്നുള്ള ബോധ്യം തനിക്കുണ്ടെന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നുംതന്നെ തൻ ചെയ്യില്ലെന്നും ജേസൺ. അച്ഛൻ ഇത്രയും വലിയ ആളായതുകൊണ്ട് അമിത സമ്മർദ്ദം തോന്നുന്നുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ചിലപ്പോഴൊക്കെ തനിക്ക് സമ്മർദ്ദം തോന്നാറുണ്ടെന്ന് ജേസൺ സഞ്ജയ് തുറന്നുപറഞ്ഞു. വിജയുടെ മകൻ ആയതുകൊണ്ടുതന്നെ ആളുകൾ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന് താൻ ആലോചിക്കാറുണ്ടെന്നും എന്നാൽ എല്ലാത്തിനും ഓരോ സമയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബം കാലങ്ങളായി നിർമ്മിച്ചെടുത്ത ലെഗസി ഉണ്ട്. അതുതനിക്ക് എന്നും മുതൽകൂട്ടായിരിക്കും. എന്തുതന്നെ ആയാലും താൻ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. അങ്ങനെ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ്. സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ ആളുകൾ സിനിമയെ സിനിമയായി കാണുമെന്നും മറ്റു ഘടകങ്ങൾ ഒന്നും അതിൽ ഏശില്ലെന്നും ജേസൺ പറഞ്ഞു.
‘ഇനിയെല്ലാം ചെയ്യുമ്പോൾ വല്ലാതെ ശ്രദ്ധിക്കണം, പരിമിതികളുണ്ട്’; ചർച്ചയായി ജേസണ്‍ന്‍റെ വാക്കുകൾ

