സിഎംആര്‍എല്‍ ഇടപാടിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി, വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരുടെ അപ്പീൽ. ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് അപ്പീലിലെ ആവശ്യം.ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ പണം ആവശ്യപ്പെട്ടതിനും, സ്വീകരിച്ചതിനുമുള്ള തെളിവുകൾ ഇ.ഡി കൈമാറിയ വിവരങ്ങളിലില്ലെന്നും അപ്പീലിൽ പറയുന്നു. മുദ്രവച്ച കവറിലെ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിട്ടത് ശരിയല്ലെന്നും, പൊതുതാൽപര്യ സ്വഭാവമുള്ള ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലായിരുന്നുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പീലുകൾ ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകൾ തിരുത്തി ഫയൽ സമർപ്പിച്ചശേഷം വാദം കേൾക്കാമെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. അതിനിടെ, ടി.വീണയുടെ എക്സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ ഇടപാടുകേസിലെ ഹർജികൾ ഇന്ന് ഡല്‍ഹി ഹൈക്കോടതിയിൽ. എസ്ഐഎഫ്ഒയുടെ തുടർനടപടി തടയണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയും ഉപഹർജികളുമാണ് അന്തിമ വാദം കേൾക്കലിനായി ജസ്റ്റിസ് അമിത് ബൻസലിന്റെ ബെഞ്ച് പരിഗണിക്കുന്നത്. കഴിത്ത മാസങ്ങളിൽ വിവിധ ബെഞ്ചുകളിൽ കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവുകാരണം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ അന്തിമ വാദം കേൾക്കള്‍ നിശ്ചയിച്ചിരുന്നെങ്കിലും എസ്.എഫ്.ഐ.ഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകരാരും അന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് അടിസ്ഥാനമാക്കി പിണറായി വിജയനെതിരെ കേരളത്തിൽ വിജിലൻസ് കേസെടുത്തത് ഹർജിക്കാർ ഉന്നയിച്ചേക്കും.
‘സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു’; പിണറായിയുടെ അപ്പീല്‍ ഹൈക്കോടതിയില്‍

