അപസ്മാര രോഗിക്ക് മരുന്ന് മാറി നല്‍കി; യുവാവ് അതീവ ഗുരുതരാവസ്ഥയില്‍


തിരുവനന്തപുരത്ത് അപസ്മാര രോഗിക്ക് മരുന്നു മാറി നല്‍കി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്. അണ്ടൂര്‍ക്കോണം സിഎച്ച്എസി​യില്‍ എത്തിയ അംബരീഷ് എന്ന യുവാവാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. ഓട്ടിസം ബാധിതന്‍ കൂടിയായ സഹോദരന് ആശുപത്രിയില്‍ നിന്ന് നല്‍കിയത് ഗുരുതര മനോരോഗത്തിനുള്ള മരുന്നാണെന്ന് സഹോദരി മനോരമന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഓട്ടിസത്തിനൊപ്പം അപസ്മാരവും അംബരീഷിന് പതിവായി ഉണ്ടാകാറുണ്ടെന്ന് കുടുംബം പറയുന്നു. രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതിനാവശ്യമായ മരുന്ന് വാങ്ങുന്നതിനായാണ് അംബരീഷിന്‍റെ അമ്മ അണ്ടൂര്‍ക്കോണം സിഎച്ച്സിയില്‍ എത്തിയത്. പതിനാറാം തീയതിയെത്തി മരുന്ന് വാങ്ങിയപ്പോള്‍ അപസ്മാരത്തിനുള്ള മരുന്നിന്‍റെ പേരിനോട് സാദൃശ്യമുള്ള മരുന്ന് മാറി നല്‍കുകയായിരുന്നു. അപസ്മാരത്തിനുള്ള മരുന്ന് മുടങ്ങിയതോടെ രോഗബാധയുണ്ടായ യുവാവിന് ഉമിനീര് ശ്വാസനാളത്തിലേക്ക് പോയി ന്യുമോണിയ പിടിപെട്ടു. മാറിക്കഴിച്ച മരുന്നിന്‍റെ പാര്‍ശ്വഫലമായി ഹൃദയഭിത്തികള്‍ക്ക് ബലക്ഷയവും രോഗപ്രതിരോധ സംവിധാനത്തിന് തകരാറും സംഭവിച്ചു. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. മരുന്ന് മാറി നല്‍കിയതാണെന്ന വിവരം മെഡിക്കല്‍ കോളജ് ഒപി ചീട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. അണ്ടൂര്‍ക്കോണം ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് സംഭവിച്ച പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം.


Leave a Reply

Your email address will not be published. Required fields are marked *