ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫ് സഞ്ചരിച്ച കാറിന് നേരെയുണ്ടായ വെടിവയ്പിന്റെ നടുക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. നടന്റെ വലത്തേ കൈക്കും നെഞ്ചിലും പരുക്കേറ്റതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വീട്ടിലെത്തി സന്ദര്‍ശിച്ച ദൃശ്യങ്ങളിലാണ് പരുക്ക് കാണാവുന്നത്. അഞ്ച് റൗണ്ട് വെടിവയ്പ്പുണ്ടായെന്നും പോയിന്റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ത്ത അക്രമിയുടെ തോക്ക് ജാമായതാണ് ഷ്റോഫിന്റെ ജീവന് രക്ഷിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജുഹുവില്‍ ഫുട്ബോള്‍ കളിച്ച് മടങ്ങുന്നതിനിടെയാണ് താരത്തിന് നേരെ ഇന്നലെ വധശ്രമം ഉണ്ടായത്. ഒരാള്‍ ഷ്റോഫ് ഇരുന്ന ഭാഗത്തിന് തൊട്ടടുത്തും മറ്റൊരാള്‍ കാറിന്റെ മുന്പില് നിന്നുമാണ് വെടിയുതിര്‍ത്തത്. പിന്നാലെ നേരത്തെ തയാറാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി അക്രമികള്‍ ഇരുവരും രക്ഷപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതികൾ മൂന്നാമനൊപ്പം ബൈക്കിൽ അന്ധേരി റെയിൽവേ സ്റ്റേഷനിലെത്തുകയും, ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച ബൈക്ക് കണ്ടെടുത്തു. ഒരാള്‍ പിടിയിലായെന്നാണ് സൂചന. മറ്റുള്ളവരെ പിടികൂടാനായി മുംബൈ പൊലീസ് 15 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഫൈനല്‍ റൗണ്ട് വെടിയുതിര്‍ക്കുന്നതിന് മുന്‍പ് തോക്ക് പ്രവര്‍ത്തനരഹിതമായത് സ്ഥിരീകരിച്ചത്. വെടിയേറ്റതോടെ ഡ്രൈവര്‍ ഫിര്‍ദോസ് കാറില്‍ നിന്നും ചാടി പുറത്തിറങ്ങുന്നും ടൈഗര്‍ ഷ്റോഫ് ഡ്രൈവര്‍ സീറ്റിലേക്ക് കയറി, കാറെടുത്ത് പോകുന്നതും കാണാം. ‘ഡ്രൈവറുമായി വേഗം പോകൂ, എന്തോ കാര്യമായി പറ്റിയിട്ടുണ്ടെ’ന്ന് അടുത്ത് നിന്ന സ്ത്രീ ഉറക്കെ പറയുന്നതും കേള്‍ക്കാം. വാഹനത്തിന് സമീപം നിന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതേസമയം, താരത്തിന് നേരെ വധശ്രമം ഉണ്ടായത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. ടൈഗര്‍ ഷ്റോഫ് സ്ഥിരമായി എത്തുന്ന സ്ഥലങ്ങള്‍ അക്രമികള്‍ നിരീക്ഷിച്ചുവെന്നാണ് നിഗമനം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ‘ഞാന്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചു. വലത്തേ കയ്യില്‍ പരുക്കുണ്ട്’. മഹാരാഷ്ട്ര സര്‍ക്കാരും മുംബൈ പൊലീസും താരത്തിനും കുടുംബത്തിനുമൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ‘മുംബൈയില്‍ ഗുണ്ടായിസം നടത്താന്‍ ഒരു ഗ്യാങിനെയും വ്യക്തിയെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതേ വിടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജുഹുവില്‍ വിഐപികള്‍ക്ക് സുരക്ഷ കൂട്ടി. ലോറൻസ് ബിഷ്ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വിവരമുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടൈഗര്‍ ഷ്റോഫ് സല്മാന് ഖാനൊപ്പം പ്രവര്‍ത്തിച്ചതാണ് ബിഷ്ണോയി സംഘത്തെ പ്രകോപിച്ചതെന്നാണ് വിവരം. സൽമാൻ ഖാനെതിരെയും ബിഷ്ണോയി സംഘം ഭീഷണി സന്ദേശം പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിൽ ‘ജംഗിൾ രാജാണെന്നും ക്രമസമാധാന നില തകർന്നതിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫഡ്നാവിസ് രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ടൈഗര്‍ ഷ്റോഫിന്റെ നെഞ്ചിലും കയ്യിലും പരുക്ക്? വെടിയുതിര്‍ത്തത് പോയിന്റ് ബ്ലാങ്കില്‍; നടുക്കി വിഡിയോ

