കൊച്ചി: ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പ്രതി പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തിന് പിന്നാലെ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയതും വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം തേടിയപ്പോൾ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ വ്യക്തമാക്കി. അപകടത്തിന്റെ സാഹചര്യങ്ങളും കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ, കേസെടുക്കുമെന്ന് പൊലീസ്

