ഇടിച്ചത് ആറു വാഹനങ്ങളിൽ; അപകടമെന്ന് കരുതി; പക്ഷേ അല്ല! ഡ്രൈവര്‍ക്കെതിരെ കേസ്


കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. കാറോടിച്ചിരുന്ന 27 കാരൻ കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു. മറ്റുള്ളവരെ അപകടത്തിൽപ്പെടുത്താൻ അമിതവേഗത്തിൽ കാറോടിച്ച് അപകടം ഉണ്ടാക്കിയതിന് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. അപകടത്തിൽ സാരമായി പരുക്കേറ്റ നാലുപേരുടെ പരാതിയിലാണ് കേസ്.ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഷാലോം ഓടിച്ച കാർ എതിരെ വന്ന കാറിൽ ഇടിക്കുകയും പിന്നീട് മറ്റു മൂന്നു കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. അപകടത്തിൽ വഴിയാത്രക്കാരൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ നാലുപേരുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ ഷാലോം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ഇത് ബോധപൂർവം നടത്തിയ കൃത്യമാണെന്ന് വ്യക്തമായത്. വാഹനം അതിവേഗത്തിലെത്തി മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറ്റാൻ പ്രതി മനപ്പൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പരുക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുള്ളത്.പ്രതി അപകടമുണ്ടാക്കി ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും എഫ്.ഐ.ആറിൽ ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. മുണ്ടക്കയം ഭാഗത്തുനിന്ന് അലക്ഷ്യമായി പാഞ്ഞെത്തിയ വാഹനം യാത്രാമധ്യേ മറ്റ് എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടോയെന്നറിയാൻ കൂടുതൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *