2021 ജൂണിലാണ് ആനപ്രേമികളുടെ പ്രിയ പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ‘ഓമനച്ചേട്ടന്‍റെ’ മരണം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ആനപ്പാപ്പാനും ആനപ്രേമികൾക്കിടയിലെ പ്രിയപ്പെട്ട പാപ്പാനുമായിരുന്നു അദ്ദേഹം. മരിക്കുമ്പോള്‍ കാൽ നൂറ്റാണ്ടായി പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാനുമായിരുന്നു. അന്ന് പ്രിയ്യപ്പെട്ട പാപ്പാനെ അവസാനമായി ഒരു നോക്കുകാണാന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ എത്തുകയുണ്ടായി. ഇന്ന് പല്ലാട്ട് ബ്രഹ്മദത്തന്‍റെ വിയോഗത്തില്‍ ആനപ്രേമികളുടെ മനസിലേക്ക് ഒരു നീറ്റലായി ഓടിയെത്തുകയാണ് ആ രംഗം. അസം ആനയായിരുന്ന ബ്രഹ്മദത്തനെ വരുതിയിലാക്കിയത് തന്നെ ദാമോദരൻ നായരായിരുന്നു. പുതുപ്പള്ളി സ്വദേശിയായിരുന്നു ബ്രഹ്മദത്തന്റെ ആദ്യ ഉടമ. പിന്നീട് പാലാ പല്ലാട്ട് കുടുംബത്തിലേക്കു ബ്രഹ്മദത്തനെ വിറ്റപ്പോൾ ബ്രഹ്മദത്തനൊപ്പം ദാമോദരൻ നായരും പല്ലാട്ടേക്കെത്തി. ബ്രഹ്മദത്തനും ദാമോദരൻ നായരും തമ്മിലുള്ള സ്നേഹവും വളരെ പ്രസിദ്ധമാണ്. ഒരിക്കല്‍ തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ബ്രഹ്മദത്തന് അകമ്പടി നിന്നിരുന്ന ഒരാന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തുകയുണ്ടായി. അന്ന് കുത്തു കൊണ്ട ആന സമീപം നിന്നിരുന്ന ദാമോദരൻ നായരെ തട്ടിവീഴ്ത്തി. ദാമോദരൻ നായരെ കുത്താൻ ആയുന്നതിനിടെ ബ്രഹ്മദത്തനാണ് ആ ആനയെ വയറിൽ കുത്തി ഓടിച്ചത്. അന്ന് മരണത്തെ മുഖാമുഖം കണ്ട ദാമോദരൻ നായർ ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. ഒരു ആനപ്രേമിക്കും മറക്കാന്‍ കഴിയാത്ത രംഗം. ഒടുവില്‍ ദാമോദരൻ നായർ മരിച്ചപ്പോള്‍ ആദരാഞ്ജലി അർപ്പിക്കാൻ പല്ലാട്ട് ബ്രഹ്മദത്തനെയും ളാക്കാട്ടൂരിലെ വീട്ടിൽ എത്തിച്ചിരുന്നു. അന്ന് തുമ്പിക്കൈകൾ ഉയർത്തി തന്റെ പ്രിയ പാപ്പാന് ബ്രഹ്മദത്തൻ അന്ത്യാഞ്ജലി അർപ്പിച്ചു. കണ്ടു നിന്നവരുടെ മിഴികൾ നനച്ച രംഗമായിരുന്നു അത്. ഇന്ന് തന്‍റെ പാപ്പാന്‍റെ അടുത്തേക്കു തന്നെ ബ്രഹ്മദത്തനും യാത്രയാകുകയാണ്.

