അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി പൊലീസ് പിടിയിൽ; കൊലപ്പെടുത്തിയത് ക്രൂരമായി


തിരുവനന്തപുരം ∙ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ്‌ വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. ഉമറിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തിനു തൊട്ടുപിന്നാലെ, സംഭവസ്ഥലത്തുവച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത് ക്രൂരമർദനത്തിനുശേഷമെന്നു പൊലീസ്. അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്നു പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് എം.ഡി.അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയത്. കേസിൽ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചപ്പോൾ, രണ്ടാം പ്രതി ഉമർ മുഫ്തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ റിമാൻഡിലാണ്. ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദനത്തിനുശേഷം അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിപ്പാടുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്. മർദനത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ രണ്ട് പ്രതികളും ചേർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടി. തല ഭിത്തിയിൽ ഇടിപ്പിച്ചു. കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയശേഷമാണ് പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *