വിചിത്ര ചിത്രം വരച്ചുവച്ച വീടിനകത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന മൂന്ന് മൃതശരീരങ്ങള്‍. വാര്‍ത്ത പുറത്തുവരുന്നത് യുഎസ് ന്യൂ ജേഴ്സിയില്‍ നിന്നാണ്. കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും വയോധികരുടേതാണ്. പക്ഷെ അതിലേറെ കൗതുകമാകുന്നത് വീടിന് പുറത്ത് കണ്ടെത്തിയ ആ ചിത്രമാണ്. ചിത്രം കണ്ടതും മൃതദേഹങ്ങളുടെ വാര്‍ത്ത പുറത്ത് വന്നതും പ്രദേശത്തെ പോസ്റ്റ്മാന്‍ മുഖേനയാണ്. പതിവുപോലെ കത്തുമായെത്തിയ ഇയാള്‍ വീടിന് പുറത്തൊട്ടിച്ചുവച്ച പേപ്പറിലെ ചിത്രം കണ്ട് ഇയാള്‍ക്ക് സംശയം തോന്നി. അടിയന്തര നമ്പറായ 911 എഴുതിയിരിക്കുന്നു. തൊട്ട് താഴെ “അകത്ത്” എന്നര്‍ഥം വരുന്ന “Inside” എന്നെഴുതിവച്ചിരിക്കുന്നു. എന്നാല്‍ അതിലും ഭീകരമായത് താഴെ മരണത്തെ സൂചിപ്പിക്കാനായി വരച്ച കണ്ണില്‍ X വരച്ച രണ്ട് ഇമോജികളായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. പൊലീസെത്തി വാതില്‍ തുറന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന മൂന്ന് വയോധികരുടെ മൃതദേഹങ്ങളാണ് കണ്ടത്. ഇത്രയും കാലമായി വീട്ടിലുള്ള ആളുകളെ പ്രദേശവാസികള്‍ക്ക് അറിയില്ല. ആയതിനാല്‍ തന്നെ മരിച്ച ആളുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമായ മരണകാരണം ലഭിക്കുകയുള്ളു. ചോരയില്‍ കുതിര്‍ന്ന മൃതദേഹങ്ങളായതിനാല്‍ അടുത്താണ് കൊലപാതകങ്ങള്‍ നടന്നതെന്ന് വ്യക്തമായി. പുറത്തുള്ള ചിത്രത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ല. എന്നാല്‍ വീട്ടില്‍ നിന്ന് ഒരാള്‍ ഒരു മാലിന്യക്കവറുമായി വന്നിരുന്നെന്നും അത് വെയ്സ്റ്റ് ബിന്നില്‍ ഇട്ട ശേഷം അയാള്‍ പുറത്തേക്ക് പോയെന്നും ഒരു പ്രദേശവാസി പറഞ്ഞു.
വീടിന് വെളിയില്‍ വിചിത്ര ചിത്രം; അകത്ത് കണ്ടത് ചോരയില്‍ കുളിച്ച മൂന്ന് പേരെ

