ശബരിമല മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയാണ് ശബരിമല നട തുറന്നത്. മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു. അറുപതിനായിരത്തില്‍ അധികം ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ തിരുവാഭരണ ദര്‍ശനത്തിനും തുടക്കമായി.അതേസമയം, നിലയ്ക്കലിലെത്തുന്ന സ്വാമിമാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ വിന്യാസവുമായി പൊലീസ്. കെഎസ്ആര്‍ടിസി ബസുകളിൽ കയറാൻ സ്വാമിമാർ തിരക്ക് കൂട്ടുന്നത് ഉൾപ്പെടെയുള്ള അപകടസാധ്യത വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ പ്രത്യേകം നിയന്ത്രിക്കും. വെർച്വൽ ക്യൂ ബുക്കിങ് വഴിയുള്ള സ്വാമിമാരുടെ എണ്ണം കൂടിയതിനാൽ തിരക്ക് ഓരോ മണിക്കൂറിലും ഉയരുമെന്നാണ് വിലയിരുത്തൽ. കെഎസ്ആര്‍ടിസി ചെയിൻ സർവീസുകളുടെ എണ്ണം 90 ആയി ഉയർത്തിയിട്ടുണ്ട്.സ്പോട്ട് ബുക്കിങ് കൗണ്ടറുകളിലെ തിരക്ക് മുൻനിർത്തി സ്വാമിമാർക്ക് വിശ്രമിക്കാനും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനും പ്രത്യേക ശ്രദ്ധ വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇന്നലെ മാത്രം കെഎസ്ആര്‍ടിസിയുടെ 402 ചെയിൻ സർവീസുകളാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സ്വാമിമാർക്കായി അനുവദിച്ചത്.പ്രതിദിനം 80,000 മുതൽ 90,000-ത്തിലധികം ഭക്തരെയാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. സുഗമമായ ദർശനത്തിനും ക്രമീകരണങ്ങൾക്കുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സജീവ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
ശബരിമല മണ്ഡലകാല പൂജകള്‍ക്ക് തുടക്കം; സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം

