സാമ്പത്തിക തട്ടിപ്പുകേസ്; രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം


അപ്പോളോ ഗോൾഡ് ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെ സംരക്ഷിക്കാൻ ഇടപെട്ടുവെന്ന ആരോപണത്തെത്തുടർന്ന് രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസ്.ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ഉത്തരമേഖല സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീർ സംസ്ഥാന പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാരംഭ നടപടികൾക്ക് തുടക്കമായത്.അപ്പോളോ ഗോൾഡ് ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പുകേസിൽ ആരോപണവിധേയരായ പ്രതികളെ സംരക്ഷിക്കുന്നതിനായി ഈ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെന്നാണ് പ്രധാന ആരോപണം. ഉദ്യോഗസ്ഥരുടെ ഇത്തരം ഇടപെടലുകൾ മൂലമാണ് കേസന്വേഷണത്തിൽ വലിയ തോതിലുള്ള കാലതാമസം ഉണ്ടാകുന്നതെന്ന് കെ.എം. ബഷീർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തന്നെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. പ്രാരംഭ അന്വേഷണ നടപടികൾ പുരോഗമിക്കുന്ന കേസില്‍ പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായ തുടർനടപടികളുണ്ടായേക്കും.


Leave a Reply

Your email address will not be published. Required fields are marked *