വിവാഹ വീട്ടിലേക്ക് പടക്കവുമായെത്തി വരന്‍റെ കൂട്ടുകാര്‍; കൂട്ടത്തല്ല്


കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല്. തൂണേരി പേരോട് നിന്നുള്ളയാളായിരുന്നു വരന്‍. വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളും നാട്ടുകാരുമായാണ് സംഘര്‍ഷമുണ്ടായത്. വരന്‍റെ സുഹൃത്തുക്കള്‍ വധുവിന്‍റെ വീടിനടുത്ത് വച്ച് വലിയ രീതിയില്‍ പടക്കം പൊട്ടിക്കുകയും ബാന്‍ഡ് മേളത്തോടെ ആഘോഷമാക്കുകയുമായിരുന്നു. അമിതമായ ആഘോഷപ്രകടനം വധുവിന്‍റെ വീട്ടുകാര്‍ ഇടപെട്ട് തടയുകയും വലിയ ശബ്ദമുണ്ടാക്കരുതെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ വാക്കു തര്‍ക്കവും സംഘര്‍ഷവുമായി. കയ്യാങ്കളിയായതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഒടുവില്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വരന്‍റെ സുഹൃത്തുക്കളെ വീട്ടിലേക്ക് കയറ്റിലെന്ന നിലപാട് വധുവിന്‍റെ വീട്ടുകാരെടുത്തു. തുടര്‍ന്ന് വരന്റെ നാട്ടില്‍ നിന്നുള്ള മുസ്​​​ ലിം ജമാ അത്തിന്‍റെ മഹല്ല് കമ്മിറ്റിയില്‍ നിന്നുള്ളവരെത്തിയാണ് ഇരുവീട്ടുകാരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിവാഹച്ചടങ്ങ് തുടര്‍ന്നത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രണ്ടാഴ്ച മുന്‍പ് ആയഞ്ചേരിക്കടുത്തും സമാനമായ രീതിയില്‍ വധുവിന്റെ വീട്ടിലേക്ക് വരനൊപ്പമെത്തിയ കൂട്ടുകാരും നാട്ടുകാരുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. അന്ന് വധുവിന്‍റെ അമ്മയടക്കമുള്ളവര്‍ വേദിയില്‍ ബോധം കെട്ട് വീഴുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *