തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കാൻ ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ അവതരിപ്പിച്ചു. സ്കാൻ ആൻഡ് പേ, ചലോ യുപിഐ എന്നീ സൗകര്യങ്ങളാണു പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ് വഴി നേരിട്ട് പണമടയ്ക്കുന്നതാണ് സ്കാൻ ആൻഡ് പേ സംവിധാനം. ചലോ ആപ്പിൽത്തന്നെ യുപിഐ പിൻ നൽകി പണമടയ്ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സൗകര്യം. ഇതിനായി മറ്റ് യുപിഐ ആപ്പുകളിലേക്കു മാറേണ്ടതില്ല. പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് നവംബർ 30 വരെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഓരോ യോഗ്യമായ ഇടപാടിനും 50% ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി 10 രൂപയാണ് ഒരു ഇടപാടിൽ ലഭിക്കുന്ന ക്യാഷ്ബാക്ക്. കുറഞ്ഞ ഇടപാട് തുക അഞ്ച് രൂപയാണ്. ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പിലൂടെ ലഭിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുക. ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ ലഭ്യമല്ലെങ്കിൽ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.
കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്റ്: ചലോ ആപ്പിൽ പുതിയ സൗകര്യങ്ങൾ 50% വരെ ക്യാഷ് ബാക്ക്

