ഓണം, പൂജ ബംപറുകള്‍ക്ക് പിന്നാലെ ഇതാ വീണ്ടും കോടികള്‍ സ്വന്തമാക്കാനുള്ള അടുത്ത അവസരം വരവായി. ക്രിസ്മസ് – ന്യൂ ഇയർ ബംപര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രകാശനം ചെയ്തു. 25 കോടിരൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് ശനിയാഴ്ച വിപണിയിലെത്തും. ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. സമ്മാനഘടന ഇങ്ങനെ: ഒന്നാം സമ്മാനം – 25 കോടി രൂപ, രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), മൂന്നാം സമ്മാനം – 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം),നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേർക്ക്,5,000 രൂപ വീതം – 32,400 പേർക്ക്, 2,000 രൂപ വീതം – 60,480 പേർക്ക്,1,000 രൂപ വീതം – 1,10,160 പേർക്ക്, 600 രൂപ വീതം – 2,72,160 പേർക്ക്, 500 രൂപ വീതം – 2,91,600 പേർക്ക്, സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ വീതം 11 പേർക്ക് കൂടാതെ ഒരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്‍റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാര്‍ക്ക് യഥാക്രമം 50000, 35,000 , 20, 000 രൂപ സ്പെഷല്‍ ഇന്‍സെന്‍റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവായും ലഭിക്കും. 45 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ വിഷു ബംപർ, 40 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ മൺസൂൺ ബംപര്‍, 90 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ തിരുവോണം ബംപര്‍ എന്നിവയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിരുന്നു. സമ്മാനത്തുക വർധിപ്പിച്ച് സമ്മാനഘടന കൂടുതൽ ആകർഷകമാക്കുന്നതിനും പൊതുജനങ്ങൾക്ക് വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരം വർധിപ്പിക്കുന്നതിനുമായി സമ്മാനത്തുകയിൽ പരിഷ്കാരങ്ങൾ വരുത്തിയതാണ് നേട്ടത്തിന് കാരണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായും ക്രിസ്മസ് – ന്യൂ ഇയർ ബംപര്‍ ഒന്നാം സമ്മാനം 20 കോടി രൂപയിൽ നിന്ന് 25 കോടി രൂപയായും ഉയർത്തി. മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന പ്രകാശനത്തില്‍ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.ഇമ്പശേഖർ, ജോയിന്റ് ഡയറക്ടർമാരായ പി.എ.ഷാജു, കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 25 കോടി; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

