‘ഒന്ന് പുറത്തേക്ക് വരുമോ’; അഞ്ജനയെ കാറിടിപ്പിച്ച് വീഴ്ത്തി; ഫ്ളാറ്റില്‍ രക്‌തം വാര്‍ന്ന് ആന്‍ മേരി; നടുക്കം മാറാതെ കുടുംബങ്ങള്‍.


കലിഫോര്‍ണിയയിലെ സനോസയില്‍ മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ ദുരൂഹതയേറുന്നു. വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ സന്തോഷത്തോടെ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനില പങ്കെടുത്തിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഉറ്റ സുഹൃത്തുക്കളായ ഇരുവരെയും വകവരുത്താന്‍ പ്രകോപനമെന്തെന്ന് മനസിലാകാതെ നടുങ്ങിയിരിക്കുകയാണ് സനോസയിലെ മലയാളി സമൂഹം.

അതേസമയം, ആന്‍ മേരിയുമായി അനിലയ്ക്ക് തൊഴില്‍ സംബന്ധമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധം ജെറി സാം ജോസഫ് വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അഞ്ജനയുമായി ഏതെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കമോ പിണക്കമോ ഉണ്ടായിരുന്നതായി കുടുംബത്തിന് വിവരമില്ല. ആന്‍ മേരിയെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ വച്ച് അനില കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തുമ്പോള്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ആന്‍ മേരിയെ കണ്ടെത്തിയത്. ‘ഒരു കാര്യം പറയാനുണ്ടെന്നും, താഴേക്ക് ഇറങ്ങി വരാമോ’ എന്നും അഞ്ജനയോട് ചോദിച്ച് ഫ്ലാറ്റില്‍ നിന്ന് താഴേക്ക് ഇറക്കിയ ശേഷം നീല നിറത്തിലെ കാര്‍ ഉപയോഗിച്ച് അപായപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആന്‍ മേരി പത്തുവര്‍ഷത്തോളമായി എന്‍ജീനീയറായി യുഎസില്‍ ജോലി ചെയ്തുവരികയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ പള്ളത്ര ജേക്കബാണ് ഭര്‍ത്താവ്.  കലിഫോര്‍ണിയയിലെ സ്കൂളില്‍ ആറുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരികയാണ് തൃശൂര്‍ സ്വദേശിയായ അഞ്ജന. ഭര്‍ത്താവ് വിജേഷും യുഎസില്‍ ഇവര്‍ക്കൊപ്പമാണുള്ളത്. അനില ഇവര്‍ക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


Leave a Reply

Your email address will not be published. Required fields are marked *