• Fri. Sep 27th, 2024
Top Tags

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്?

Bydesk

Dec 28, 2022

കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിനു പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകിയെക്കുറിച്ചുളള സൂചന അന്വേഷണ സംഘത്തിന് കിട്ടിയത്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ക്രിസ്മസ് തലേന്ന് രാത്രിയാണ് വടകര അടക്കാത്തെരു സ്വദേശി രാജനെ കടയ്ക്കുളളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. മാർക്കറ്റ് റോഡിലെ കടകളിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നോട്ട് പോകുന്നത്. ഡിസംബർ 24-ന് രാത്രി 9 മണിക്ക് രാജനൊപ്പം, ഇരുചക്ര വാഹനത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാളുണ്ടായിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ഇതര സംസ്ഥാ നതൊഴിലാളിയാകാമെെന്ന സൂചനയിലേക്ക് പൊലീസ് എത്തിയത്.

കോഴിക്കോട് ജില്ലയിലും മാഹി, കണ്ണൂർ മേഖലകളിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൃത്യം നടന്ന മാർക്കറ്റ് റോഡിലെ കടയിൽ പൊലീസ് വീണ്ടും പരിശോധന നടത്തി. ഒരു മൊബൈൽഫോൺ കൂടി കടയിലുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായില്ല. കൊലയാളി രക്ഷപ്പെട്ട രാജൻറെ ഇരുചക്ര വാഹനത്തിനായും തെരച്ചിൽ നടത്തുന്നുണ്ട്.

നഗരത്തിന് ഒത്ത നടുക്ക് നടന്ന സംഭവത്തിൻറെ ഞെട്ടലിലാണ് വ്യാപാരികൾ. അടുത്തിടെയായി ഈ പരിസരത്ത് മോഷണം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ബൈക്കിന് പുറമെ രാജൻറെ സ്വർണമാലയും മോതിരവും പണവും നഷ്ടമായിട്ടുണ്ട്. മറ്റെന്തെങ്കിലും കാരണത്താൽ കൊല നടത്തിയ ശേഷം അന്വേഷണം വഴിതിരിച്ചുവിടാനായി കവർച്ച നടത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം രാജനുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്തി ചോദ്യംചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *