ദലിത് വിദ്യാർഥി ജീവനൊടുക്കി; സ്കൂളിൽ ജാതി അധിക്ഷേപമെന്ന് കുടുംബം; അധ്യാപകൻ അറസ്റ്റിൽ


തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ദലിത് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്കൂളിൽ നേരിട്ട ജാതി അധിക്ഷേപമാണ് മകന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സ്കൂൾ പ്രധാനാധ്യാപകനെതിരെയും കേസെടുത്തു. കോയമ്പത്തൂർ പീളമേട്ടിലെ സർക്കാർ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന 16കാരനായ എ. അകിലനാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ സ്കൂളിലെത്തിയ അകിലൻ, സഹപാഠികൾ ജാതിയുടെ പേരിൽ കളിയാക്കിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം. മാതാപിതാക്കൾ ജോലിക്കുപോയിരുന്നതിനാൽ കുട്ടി വീട്ടിലെത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ അമ്മയാണ് അകിലനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിന്റെ പേരിൽ സഹപാഠികൾ തന്നോട് സംസാരിക്കാറില്ലെന്ന് മകൻ പറഞ്ഞിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. ക്ലാസിൽവെച്ച് അധ്യാപകൻ ബീഫ് കഴിക്കുമോയെന്ന് ചോദിച്ചതായും കുട്ടി പറഞ്ഞിരുന്നുവെന്ന് അമ്മ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സ്കൂൾ പ്രധാനാധ്യാപകനെ നേരിൽക്കണ്ട് അറിയിച്ചിരുന്നതായും അവർ പറഞ്ഞു. എന്നാൽ മകൻ ജീവനൊടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും മാതാവ് കൂട്ടിച്ചേർത്തു. രാവിലെ സ്കൂളിലെത്തിയ കുട്ടി ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങിയിട്ടും അധികൃതർ അന്വേഷിച്ചില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും നാട്ടുകാർ ആരോപിച്ചു. കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകൻ വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ അരുണ്‍കുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *