പ്ലസ് ടു വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; പോലീസ് എഫ്‌ഐആറിൽ തിരിമറിനടത്തിയെന്ന് കുടുംബം


ആലപ്പുഴ പഴയങ്ങാടിയിൽ ലൈസൻസ് ഇല്ലാത്ത പ്ലസ് ടു വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിനെതിരെ ആരോപണവുമായി കുടുംബം. പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് എഫ്‌ഐആറിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ വാഹനമോടിച്ച വിദ്യാർഥിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണം പോലീസ് നിഷേധിച്ചു. ഒക്ടോബർ 10നായിരുന്നു പഴയങ്ങാടിയിൽ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പുറക്കാട് സ്വദേശി ബേബി രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായിട്ടുണ്ട്. നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് അപകടവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അപകടസമയത്ത് ബൈക്കോടിച്ചിരുന്ന വിദ്യാർഥിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്നും ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി അമ്പലപ്പുഴ പോലീസ് എഫ്‌ഐആറിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയെന്നാണ് പ്രധാന പരാതി. അതേസമയം, അപകടത്തിന്റെ ആദ്യഘട്ടത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതെന്നും പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞശേഷം നിയമാനുസൃത നടപടികൾ സ്വീകരിച്ചെന്നുമാണ് അമ്പലപ്പുഴ പോലീസിന്റെ വിശദീകരണം. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വിദ്യാർഥിക്ക് 18 വയസ്സ് പൂർത്തിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *