കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം: അനാസ്ഥയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ അമ്മ ഹബീറ


പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ കുട്ടിയുടെ അമ്മ ഹബീറ രംഗത്ത്. ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കുമെതിരെ കേസെടുത്തത് ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണെന്നും തെറ്റ് പറ്റിയിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും ഹബീറ ആരോപിച്ചു. കുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായി നൽകിയിട്ടുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, മെഡിക്കൽ ബോർഡിന്റെ അന്തിമ നിഗമനങ്ങൾ പുറത്തുവന്നതിനു ശേഷം മാത്രമേ കേസിൽ ചികിത്സാ പിഴവുണ്ടോ എന്ന കാര്യത്തിൽ പൂർണമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം, കേസിൽ പുനലൂർ പോലീസ് നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. 2025 ഏപ്രിൽ 8-നാണ് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയ ഫൈസലിന് തെരുവ് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ ഹർജിയിൽ, കോടതി നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *