ഇബ്രാഹിംപട്ടണം എംഎല്‍എ മാല്‍റെഡ്ഡി രംഗ റെഡ്ഡി ബസില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ബസിനുള്ളില്‍നിന്നുള്ള വിഡിയോ പുറത്തുവിട്ട് പ്രതിപക്ഷമായ ബിആര്‍എസ് രംഗത്തെത്തി. ഇതൊരു കുറ്റകൃത്യമല്ലേ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷം കോണ്‍ഗ്രസ് എംഎല്‍എയുടെ വിഡിയോ പുറത്തുവിട്ടത്.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കായുള്ള ‘മഹാലക്ഷ്മി’ സൗജന്യബസ് പദ്ധതിയെക്കുറിച്ച് വിദ്യാര്‍ഥിനികളുമായി സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസാരത്തിനിടെ ആദ്യം എംഎല്‍എ വിദ്യാര്‍ഥിനിയുടെ കൈ പിടിച്ചുവച്ചാണ് കാര്യങ്ങള്‍ കേള്‍ക്കുന്നത്, പിന്നാലെ കയ്യില്‍ നിന്നും പിടിവിട്ട് പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിക്കുന്നു. ഈ സമയം പെണ്‍കുട്ടി എംഎല്‍എയ്ക്കടുത്ത് നിന്നും മാറിപ്പോകുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ എംഎല്‍എ പെണ്‍കുട്ടിയുടെ കയ്യില്‍ തന്നെ പിടിക്കാന്‍ ശ്രമിക്കുന്നു. ഈ വിഡിയോ ആണ് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനു ഇടയാക്കിയിരിക്കുന്നത്. ബിആര്‍എസ് നേതാവ് ആര്‍.എസ്.പ്രവീണ്‍കുമാര്‍ പങ്കിട്ട വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്. സ്ഥിരമായി സൗജന്യ ബസിലാണ് തങ്ങളുടെ യാത്രയെന്നും ഈ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 45,000ത്തോളം രൂപ അതുവഴി ലാഭിക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാര്‍ഥിനികള്‍ എംഎല്‍എയ്ക്ക് മറുപടി നല്‍കുന്നതുള്‍പ്പെടെ വിഡിയോയിലുണ്ട്. എന്നാല്‍ ഈ സംസാരത്തിനിടെ എംഎല്‍എ എന്തിനാണ് വിദ്യാര്‍ഥിനികളുെട കൈ പിടിച്ചും ശരീരത്തില്‍ സ്പര്‍ശിച്ചും സംസാരിക്കുന്നതെന്നാണ് ബിആര്‍എസ് ഉയര്‍ത്തുന്ന ചോദ്യം. സംഭവത്തിൽ വനിത കമ്മിഷൻ നടപടിയെടുക്കണമെന്നും റെഡ്ഡിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷം എക്സിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. പിതൃതുല്യമായ വാത്സല്യത്തോടെയാണ് താന്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചതെന്നും ബിആര്‍എസ് സംഭവത്തിന് മറ്റൊരു അര്‍ഥം സൃഷ്ടിക്കുകയാണെന്നും റെഡ്ഡി പറയുന്നു. ഒക്ടോബര്‍ 6നാണ് സംഭവം. ബോംഗുലൂരുവില്‍ വച്ചാണ് ബസില്‍ കയറിയതെന്നും നിരവധി ആളുകളോട് അന്ന് സൗജന്യബസ് പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കുന്നു.

