മകളെ പ്രണയിച്ച മലയാളി യുവാവിനെ ഫാക്ടറി ഉടമ കൊലപ്പെടുത്തിയത് ക്രൂരമായി; മരണത്തിൽ വിറങ്ങലിച്ച് നാട്


ബെംഗളൂരു∙ മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ ഫാക്ടറി ഉടമ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ്. ഇരുവരെയും ഒരുമിച്ചുകണ്ടതോടെ ഫാക്ടറി ഗോഡൗണിലെത്തിച്ച് ക്രിക്കറ്റ് ബാറ്റും ഇരുമ്പു പൈപ്പും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. കിരണിന്റെ സുഹൃത്തായ 19 വയസ്സുകാരിയുടെ പിതാവ് തമിഴ്നാട് സ്വദേശി ആനന്ദ് രാജ് അറസ്റ്റിലായി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആനന്ദിന്റെ ഉടമസ്ഥതയിൽ യെലഹങ്കയിൽ സ്വീറ്റ് കോൺ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലാണു കിരൺ ജോലി ചെയ്തിരുന്നത്. മകളുമായുള്ള പ്രണയത്തിൽ നിന്നു പിൻമാറാൻ ആനന്ദ് പലതവണ ആവശ്യപ്പെട്ടിരുന്നു. ചെമ്പ്ര ആലിൻചുവട് വള്ളുള്ളിശ്ശേരി കിരണിന്റെ കൊലപാതകവിവരം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണു ചെമ്പ്രയിലെ വീട്ടിൽ സഹോദരി കൃപയ്ക്കു ലഭിക്കുന്നത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നു കൊപ്പം പൊലീസിൽ അറിയിച്ചെങ്കിലും ബെംഗളൂരുവിലേക്കു നേരിട്ടു പോയി അന്വേഷിക്കാനായിരുന്നു നിർദേശം. തുടർന്നു ബന്ധുക്കളും നാട്ടുകാരും ബെംഗളൂരുവിലെത്തുകയായിരുന്നു. കിരണിന്റെ അച്ഛനും അമ്മയും അബുദാബിയിലാണ്. ചെമ്പ്രയിലെ വീട്ടിൽ, പട്ടാമ്പി ലിമന്റ് കോളജ് വിദ്യാർഥിയായ സഹോദരി കൃപ മുത്തശ്ശിക്കൊപ്പമാണു താമസം. നാടപറമ്പിൽ ഹോട്ടൽ നടത്തുകയായിരുന്ന പിതാവ് സിദ്ധാർഥൻ ഒരു വർഷം മുൻപാണ് അബുദാബിയിലേക്കു പോയത്. ആറു മാസം മുൻപു ഭാര്യ ശബരിയെയും കൊണ്ടുപോയി. അച്ഛനും അമ്മയ്ക്കും ഒപ്പം ജോലി ചെയ്യാൻ കിരണും പോയിരുന്നു. ഒരു വർഷത്തെ പ്രവാസജീവിതത്തിനു ശേഷമാണു തിരികെയെത്തിയത്. പിന്നീട് പോയില്ല. അതിനു ശേഷം ബെംഗളൂരുവിൽ പച്ചക്കറി സ്റ്റാളിലെ ജീവനക്കാരനായ സഹോദരൻ ഋതിക്കിനൊപ്പം ജോലിക്കു പോവുകയായിരുന്നു. രണ്ടു മാസം മുൻപു ചെമ്പ്ര ആലിൻചുവട്ടിലെ വീട്ടിൽ വന്നു പോയിരുന്നു. കൊലപാതകം നടക്കുന്ന സമയത്തു കിരണിന്റെ സഹോദരൻ അവിടെയുണ്ടായിരുന്നില്ല. പച്ചക്കറി ലോഡുമായി ഉത്തർപ്രദേശിലേക്കു പോയതായിരുന്നു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്നാണു വിവരം.


Leave a Reply

Your email address will not be published. Required fields are marked *