കരുതലായി കാക്കി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് പുതുജീവൻ നൽകി വെള്ളമുണ്ട പൊലീസ്


ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിന്ന്, പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവിന് കാവലായി കാക്കി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവനെ, സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയിരിക്കുകയാണ് വയനാട് വെള്ളമുണ്ട പൊലീസ്. നവംബർ 15-ന് വൈകുന്നേരത്തോടെയായിരുന്നു  സംഭവം. യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ച നിമിഷം തന്നെ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ സജി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം, സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘം ഒട്ടും സമയം കളയാതെ യുവാവിന്റെ വീട്ടിലേക്ക് കുതിച്ചു. എന്നാൽ, വീട്ടിൽ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ല. നിമിഷങ്ങൾ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സമീപപ്രദേശത്തേക്ക്  തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നും നേരിയ ഞരക്കം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്ന വീടിന്റെ വാതിൽ പൊലീസുകാർ ചവിട്ടിത്തുറന്ന് അകത്ത് കയറി. ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്ന യുവാവിനെ കണ്ടത്. എസ്.ഐ സജിയും സി.പി.ഒ ശ്യാമും ഒട്ടും അമാന്തിക്കാതെ ഓടിയെത്തി താങ്ങിപ്പിടിച്ചു. ഈ സമയം അടുക്കളയിൽ നിന്നും കത്തിയുമായി പാഞ്ഞെത്തിയ സി.പി.ഒ സുരേന്ദ്രൻ ഷാൾ മുറിച്ചുമാറ്റി യുവാവിനെ താഴെയിറക്കി. തുടർന്ന് ആംബുലൻസിനായി കാത്തുനിൽക്കാതെ പൊലീസ് വാഹനത്തിൽ തന്നെ യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പൊലീസിന്റെ ഈ മിന്നൽ വേഗത്തിലുള്ള ഇടപെടൽ കാരണം കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനാവുകയും, യുവാവ് അപകടനില തരണം ചെയ്യുകയും ചെയ്തു. ഏത് ഇരുട്ടിനപ്പുറവും ഒരു പ്രഭാതമുണ്ടെന്ന വലിയ ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ഈ സംഭവം. കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി മാറിയ എസ്.ഐ സജിക്കും സംഘത്തിനും നാടാകെ അഭിനന്ദന പ്രവാഹമാണ്.


Leave a Reply

Your email address will not be published. Required fields are marked *