വ്യാജ ഇ-ചെലാന്‍ സന്ദേശമയച്ച് യുവാവിന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 44,600 രൂപ


മലപ്പുറം: ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 44,600 രൂപ തട്ടിയെടുത്തു. പരപ്പനങ്ങാടി സ്വദേശി നിസാറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. വ്യാജ ഇ-ചെലാന്‍ സന്ദേശങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംഭവം സൈബര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചു. മൊബൈല്‍ ഫോണില്‍ ലഭിച്ച ഗതാഗത പിഴ സംബന്ധിച്ച സന്ദേശത്തിലെ ലിങ്കിലാണ് നിസാര്‍ ക്ലിക്ക് ചെയ്തത്. ഇതോടെ തട്ടിപ്പുസംഘം ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും ചോര്‍ത്തി. രണ്ട് തവണകളായാണ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്. ആദ്യം 15,000 രൂപയും പിന്നീട് 29,600 രൂപയുമാണ് നഷ്ടമായത്. ആകെ 44,600 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ‘റാസര്‍ ഓണ്‍ലൈന്‍’ എന്ന അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ നിസാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിഭാഗത്തിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങളും തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ലിങ്കിന്റെ ഉറവിടവും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് അറിയിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളിലേക്ക് വ്യാപകമായി എത്തുന്നുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.ഔദ്യോഗിക അറിയിപ്പുകളെന്ന വ്യാജേന അയക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിച്ച് ലിങ്കുകളില്‍ പ്രവേശിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. അപരിചിതമായ ലിങ്കുകള്‍ തുറക്കുകയോ അതിലൂടെ ബാങ്ക് വിവരങ്ങള്‍, രഹസ്യ നമ്പറുകള്‍, ഒറ്റത്തവണ പാസ്‍വേഡുകള്‍ എന്നിവ നല്‍കുകയോ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. വാഹനത്തിന് പിഴയുണ്ടോയെന്ന് പരിശോധിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണം. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവഗണിക്കുകയും പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെയും പൊലീസിനെയും വിവരം അറിയിക്കുകയും വേണം. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന ദേശീയ സൈബര്‍ കുറ്റകൃത്യ സഹായ നമ്പറില്‍ ഉടന്‍ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *