കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന; മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മോദി


ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന. നവംബർ 23നകം പുനഃസംഘടന നടക്കും എന്നാണ് സൂചന. ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. സെപ്റ്റംബറിൽ നടന്ന ‘ചിന്തൻ ശിബിര’ത്തിൽ മന്ത്രിമാർക്ക് നൽകിയ ഉത്തരവാദിത്തങ്ങളുടെ പുരോഗതിയും അവരുടെ പ്രകടനവും പ്രധാനമന്ത്രി വിലയിരുത്തി. യോ​ഗത്തിൽ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിതി, മയക്കുമരുന്നിനെതിരായ നടപടികൾ മുതലായവയും വിലയിരുത്തി. ഇന്നലെ രാത്രി മോദിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ചർച്ച നടത്തിയിരുന്നു. ഉത്തർ പ്രദേശ് അടക്കമുള്ള നിർണായക സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി സജീവമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്ലിയിൽ നടക്കുന്ന അനൗദ്യോ​ഗിക ച‍ർച്ചകളും അപ്രതീക്ഷിത കൂടിക്കാഴ്ചകളും വൈകാതെ തന്നെ പുനഃസംഘടന നടക്കുമെന്ന സൂചനയാണ് നൽകുന്നത്. ഏകദേശം മുപ്പതോളം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും പത്ത് മന്ത്രിമാ‍ർ തന്നെ മാറിയേക്കാമെന്നുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം മലയാളിയായ രാജ്യസഭാ എംപി സി സദാനന്ദൻ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമോ എന്ന് ആകാംക്ഷയുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *