കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ടൂറിസം സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി 20ന്.


അടുത്ത വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ടൂറിസം സംരംഭക പരിശീലനം’ സംഘടിപ്പിക്കുന്നു. നവംബര്‍ 20 (വെള്ളി) രാവിലെ 10ന് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിശീലനം. വൈശാഖ മഹോത്സവ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എല്ലാ മാസവും കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടിയായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്രദേശത്ത് ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല തുടങ്ങിയവ ആരംഭിക്കാന്‍ താല്പര്യമുള്ളവര്‍ക്കും നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഉത്തരവാദിത്ത ടൂറിസം, അതിഥി സല്‍ക്കാരം, ശുചിത്വം, സുരക്ഷ, രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കേളകം, കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് എന്നിവിടങ്ങളിലെ താല്പര്യമുള്ള സംരംഭകര്‍ക്കും പരിപാടിയില്‍ പങ്കാളികളാകാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി കണ്ണൂര്‍ ഡി.ടി.പി.സി. ഓഫീസുമായോ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തുമായോ ബന്ധപ്പെടുക. ഫോണ്‍: 0497 2706336.


Leave a Reply

Your email address will not be published. Required fields are marked *