• Fri. Oct 18th, 2024
Top Tags

കാലവര്‍ഷം: അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കിയില്ലെങ്കില്‍ നിയമനടപടി, സുരക്ഷാ നടപടികള്‍ക്ക് കലക്ടറുടെ നിര്‍ദ്ദേശം

Bynewsdesk

Jun 28, 2024

കണ്ണൂർ: ജില്ലയില്‍ റോഡരികില്‍ തുറന്നുകിടക്കുന്ന ഓടകളുള്ള ഭാഗത്ത് സൂചന മുന്നറിയിപ്പ് ബോര്‍ഡുകളും താല്‍ക്കാലിക സുരക്ഷ വേലിയും ഉടനെ സജ്ജീകരിക്കുവാന്‍ റോഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങള്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടകരമായ മരങ്ങള്‍ മുറിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും കാലതാമസം വരുത്തുകയാണെങ്കില്‍ വീഴ്ചവരുത്തുന്ന വകുപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ ഇടപെടണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന ഏതെങ്കിലും മരങ്ങള്‍ ഇനിയും സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ കോമ്പൗണ്ടുകളിലെ മരങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നതായും രണ്ടാംഘട്ട പരിശോധന ഉടൻ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

പയ്യാമ്പലം ബീച്ചിലെ പുലിമുട്ടുകളില്‍ അപകടകരമായ വിധത്തില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്ന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ സ്ഥാപിച്ചതായും കോസ്റ്റ് ഗാര്‍ഡുകള്‍ക്ക് സന്ദര്‍ശകരുടെ പുലിമുട്ടിലേക്കുള്ള പ്രവേശനം വിലക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

മഴ മുന്നറിയിപ്പുകള്‍ നില നില്‍ക്കുമ്പോള്‍ അംഗീകൃത ടുറിസം സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *