• Sat. Oct 19th, 2024
Top Tags

കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മക്‌സിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു

Bynewsdesk

Jul 11, 2024

കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മക്‌സിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. കോളറയും അമീബിക് മസ്തിഷ്‌ക ജ്വരവും പനിയും ഒക്കെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വരുന്നത്. ജാഗ്രതയോടെ വേണം മുന്നോട്ടു പോകാനെന്ന ഓര്‍മപ്പെടുത്തലാണ് ആരോഗ്യ വകുപ്പും നല്‍കുന്നത്.

1. എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

2. അമീബ ശരീരത്തിലെത്തുന്ന വഴി?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

3. ലക്ഷണങ്ങള്‍

രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്.

4. രോഗ നിര്‍ണയം

നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം.

5. പ്രതിരോധം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക. ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *