• Fri. Oct 18th, 2024
Top Tags

പോലീസിന് ക്ലീൻ ചിറ്റ് നൽകി; ADGPയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം

Bynewsdesk

Oct 4, 2024

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു.

പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി ചോദിച്ചു. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭായോ​ഗം തീരുമാനിച്ചിരുന്നു. എഡിജിപിക്കെതിരെ ഉൾപ്പെടെ അന്വേഷണം നടക്കും. ഇതിന് പിന്നാലെ എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മൂന്നു തീരുമാനങ്ങൾ മന്ത്രിസഭാ എടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.പൂരം അലങ്കോലമാക്കാൻ ഉള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കും.

പൂരവുമായി ബന്ധപ്പെട്ട ചുമതലങ്ങൾ നൽകിയിരുന്ന വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു, ഉദ്യോഗസ്ഥ വീഴ്ച അന്വഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ ചുമതലപ്പെടുത്തും. എം ആർ അജിത്കുമാറിന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *