• Fri. Oct 18th, 2024
Top Tags

ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി

Bynewsdesk

Oct 7, 2024

 

ആറളം: വന്യജീവി സങ്കേതത്തിലെ വിവിധങ്ങളായ ജീവജാലങ്ങളുടെ വർണ്ണചിത്രങ്ങൾ ഒരുക്കി വൻ ചിത്രമതിൽ ആറളം വന്യജീവി സങ്കേതത്തിൽ ഒരുങ്ങി. വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് നാൽപ്പത്തിഞ്ച് മീറ്റർ നീളമുള്ള മതിലിൽ ചിത്രങ്ങൾ വരച്ചത്. ചീങ്കണ്ണിപ്പുഴയിൽ ധാരാളമായി കാണുന്ന മിസ് കേരള എന്ന സുന്ദരി മത്സ്യത്തിൻ്റെ പതിന്മടങ്ങ് വലിപ്പത്തിലുള്ള ചിത്രമാണ് ചിത്ര മതിലിൽ ആദ്യമായി കാഴ്ച്ചക്കാരെ വരവേൽക്കുന്നത്. ആമ, തീകാക്കകൾ, പറക്കുന്ന ഓന്ത്, മ്ലാവ്, മൂന്നിനം വേഴാമ്പലുകൾ, ബുദ്ധമയൂരി, വിലാസിനി, മഞ്ഞപാപ്പാത്തി തുടങ്ങിയ പൂമ്പാറ്റകൾ, കുട്ടിതേവാങ്ക്, സിംഹവാലൻ കുരങ്ങ്, പാമ്പ്, മലയ്യണ്ണാൻ, ആനകൾ, കടുവ തുടങ്ങിയ ചിത്രങ്ങളും വൻമതിലിൽ ഒരുങ്ങിക്കഴിഞ്ഞു.

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് ആറളം വന്യജീവി സങ്കേതത്തിന് മുന്നിലെ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ അമ്പത് മീറ്റർ നീളത്തിൽ ബഹുവർണ്ണ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിൻ്റെ മേൽനോട്ടത്തിൽ ചിത്രകാർ കേരള കൂട്ടായ്മയിലെ പത്ത് ചിത്രകാരന്മാരാണ് മൂന്ന് ദിവസം കൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയത്. വന്യജീവി സങ്കേതത്തിൻ്റെ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, രാജൻ എം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ, സിജേഷ് കെ. വി. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ, വന്യജീവി പ്രവർത്തകൻ റോഷ്നാഥ് രമേഷ് എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *