• Fri. Oct 18th, 2024
Top Tags

രാത്രി ബൈക്ക് മോഷണം പതിവാക്കി, സോഷ്യൽ മീഡിയ വഴി വിൽപ്പന; മൂന്ന് യുവാക്കൾ പിടിയിൽ

Bynewsdesk

Oct 8, 2024

മലപ്പുറം: ജില്ലയിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രതികളെ പിടികൂടി പൊലീസ്. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടിൽ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് (19), താഴത്തുവീട്ടിൽ അബുതാഹിർ (19) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിൽ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ 27ന് രാത്രിയിൽ പെരിന്തൽമണ്ണ ടൗണിൽ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാർത്ഥിയുടെ വണ്ടി മോഷണം പോയിരുന്നു.

ബൈപ്പാസിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പാർക്കിംഗിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ രണ്ടിന് രാത്രി വീണ്ടും ടൗണിൽ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയതായി സ്റ്റേഷനിൽ പരാതി ലഭിച്ചു. തുടർച്ചയായി ബൈക്ക് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറകൾ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച് സൂചന ലഭിച്ചു. തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്ന് പേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി രാത്രിയിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റുകൾ മാറ്റിയ ശേഷം മോഷണം നടത്തി കൊണ്ടുവരുന്ന ബൈക്കുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ നമ്പർ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് രീതി. കൂടുതൽ ബൈക്കുകൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഷാജി കൈലാസിന്റെ പേരിൽ തൃശ്ശൂർ, തൃത്താല, താനൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണ കേസുകളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *