• Fri. Oct 18th, 2024
Top Tags

ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ; ഇന്ന് വിജയദശമി

Bynewsdesk

Oct 13, 2024

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ദിനമാണ് വിജയദശമി.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്.

ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകൾ നടക്കുന്ന ദിവസം. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങൾ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകാറുണ്ട്.

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ പങ്കാളികളാകുന്നു. ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *