കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച കോടതി, പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു. 15 വയസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സുപ്രിംകോടതിയുടേതാണ് ഉത്തരവ്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചിരുന്നു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു. കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയും കേസിൽ നിർണായകമായിരുന്നു.

