പേരാവൂർ: സംസ്ഥാനത്ത് ശക്തമായ എൽ.ഡി.എഫ് തരംഗത്തിനിടയിലും വിജയിക്കാൻ കഴിഞ്ഞത് ആശ്വാസമുണ്ടാക്കുന്നതായി സണ്ണി ജോസഫ് എം.എൽ.എ. കഴിഞ്ഞകാലങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിച്ചുവെന്ന പൂർണ വിശ്വാസമുണ്ട്. ഭാവിയിലും ജനങ്ങളുടെ വികാരത്തോടൊപ്പം നിന്ന് പ്രവർത്തിക്കും. സംസ്ഥാനത്താകെ യു.ഡി. എഫിന് അപ്രതീക്ഷിത തോൽവിയാണുണ്ടായത്. മണ്ഡലത്തിലെ വോട്ടുചോർച്ചയെ കുറിച്ച് അടുത്ത ദിവസം തന്നെ വിശകലനം നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു.
സണ്ണി ജോസഫിന്റെ ഹാട്രിക് വിജയം യു.ഡി.എഫ്. പ്രവർത്തകർക്ക് എന്ന പോലെ കുടുംബാംഗങ്ങൾക്കും ആഹ്ലാദവേളയായി. സണ്ണി ജോസഫിന്റെ കടത്തുംകടവിലെ ‘റോസസ്’ വീട്ടിൽ ഭാര്യ എൽസിയും മക്കളായ ആഷ റോസും, അഞ്ചു റോസും, അവരുടെ ഭർത്താക്കന്മാരായ പ്രകാശ് മാത്യുവും, സാൻസ് ബൗസ്‌ലിയും, കുഞ്ഞുമക്കളായ നോറ അന്നയും, കേയ്റ എൽസയും, ഇസബെൽ മരിയയും, ഹെയ്സൽ എൽസയും, ടിവിക്ക് മുന്നിൽ കണ്ണും നട്ട് ഇരിപ്പുണ്ടായിരുന്നു. വിജയിച്ച് വീട്ടിലെത്തിയ സണ്ണി ജോസഫിനെ പൂച്ചെണ്ടും ഖദർ ഷാളും നൽകി കുടുംബാംഗങ്ങൾ സ്വീകരിച്ചു. വീട്ടുകാർ തയാറാക്കിയ കേക്കും സണ്ണി ജോസഫ് മുറിച്ചു. എക്സിറ്റ് പോൾ പ്രവചനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് രംഗത്തെ സമ്മർദങ്ങൾ അതിജീവിക്കാൻ കുടുംബാംഗങ്ങൾ നൽകിയ പിന്തുണ ശക്തിയായതായി സണ്ണി ജോസഫ് പറഞ്ഞു.