• Sat. Oct 19th, 2024
Top Tags

യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുട്ടികളെന്ന് യുനിസെഫ്

Bydesk

Mar 4, 2022

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുദ്ധം അഭയാര്‍ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനിസെഫ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇപ്പോള്‍ ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കുട്ടികളാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നതെന്നും യുനിസെഫ് വ്യക്തമാക്കി.

അരമില്യണിലധികം കുട്ടികള്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന് യുഎന്‍ ഏജന്‍സി ഓര്‍മിപ്പിച്ചു. അതിനാല്‍ മാനവികയെ കരുതി വിഷയത്തില്‍ അടിയന്തരമായി തീര്‍പ്പുണ്ടാകണമെന്നാണ് യുനിസെഫ് ആവശ്യപ്പെടുന്നത്.

സ്‌കൂളുകളിലും അനാഥാലയങ്ങളിലും വരെ അക്രമം നടന്നതിനെ യു എന്‍ ഏജന്‍സി ശക്തമായി അപലപിച്ചു. ഫെബ്രുവരി 24 മുതല്‍ കുറഞ്ഞത് 17 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് യുനിസെഫിന്റെ പക്കലുള്ള കണക്ക്. ഈ കണക്കുകള്‍ അപൂര്‍ണമാണെന്നും യഥാര്‍ഥ മരണസംഖ്യ ഇനിയും ഉയര്‍ന്നതാകാമെന്നും യുനിസെഫ് കൂട്ടിച്ചേര്‍ത്തു.

 

റഷ്യ യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭവ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *