• Sat. Oct 19th, 2024
Top Tags

നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം

Bydesk

Mar 10, 2022

ന്യൂഡല്‍ഹി: നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം.

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

ഉത്തര്‍പ്രദേശില്‍ യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. പഞ്ചാബില്‍ കോണ്‍​ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം കുറിക്കും. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നുമാണ് പ്രവചനങ്ങള്‍.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകള്‍ക്കായി പാര്‍ട്ടികള്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ ഉറ്റുനോക്കുന്ന സംസ്ഥാനം എന്നീ നിലകളില്‍ ഉത്തര്‍പ്രദേശിലെ ജനവിധി ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും നിര്‍ണായകമാണ്.

അതേസമയം യുപിയില്‍ ബിജെപിയെ പുറത്താക്കി അധികാരം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും.

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *