കമ്പംമേട്: കമ്പംമേട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയില്‍ 18 കാരനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി. സത്യവിലാസം പവന്‍രാജിന്റെ മകന് രാജ്കുമാര് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ പ്രവീണ്‍ കുമാര്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാറിനെ കാണാനില്ല എന്ന് കാട്ടി വീട്ടുകാര്‍ ഇന്നലെ വണ്ടന്മേട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജ് കുമാറും പ്രവീണ്‍ കുമാറും ഇന്നലെ ഒരുമിച്ച് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ സഹോദരിയുമായി രാജ്കുമാര് പ്രണയബന്ധത്തില്‍ ആയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ പകല്‍ പ്രവീണ്‍ കുമാറും കൊല്ലപ്പെട്ട രാജ്കുമാറും തമിഴ്നാട് വനമേഖലയില്‍ എത്തി മദ്യപിച്ചതായും ഇതിനിടയില്‍ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചു. രാജ്കുമാര് കാണാതായതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ പ്രവീണ്‍കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട് വനത്തിനുള്ളിലെ പാറപ്പുറത്ത് കാണപ്പെട്ടത്. ഇതേതുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്, വണ്ടന്മേട് സി ഐ വി എസ് നവാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതിയുമായി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് എത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.