• Sat. Oct 19th, 2024
Top Tags

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്

Bydesk

Mar 19, 2022

കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ  പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *