മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. ആറ് പേര്‍ക്കെതിരെയാണ് കേസ്. ബസ് ജീവനക്കാര്‍ക്ക് നേരെ കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ഥിക്കെതിരെയും പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു മുബാറക്കിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവത്തിന് ശേഷം ഇയാളുടെ കൈകള്‍ പിറകിലേക്ക് കെട്ടിയിടുകയും ചെയ്തു. കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായപ്പോള്‍ ഹാരിസ് ഇബ്നു മുബാറക്ക് കൈയിലുണ്ടായിരുന്ന കുരുമുളക് പൊടി സ്പ്രേ ചെയ്തെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ബസ് ജീവനക്കാരെ കൂടാതെ യാത്രക്കാര്‍ക്കും പരിക്കേറ്റുവെന്നും അക്രമാസക്തനായ യുവാവിനെ പോലീസെത്തുന്നതുവരെ തടഞ്ഞുവക്കാനാണ് കെട്ടിയിട്ടതെന്നുമാണ് ബസ് ജീവനക്കാരുടെ വാദം. എന്നാല്‍ ബസില്‍ വച്ച് സ്ത്രീകളെ കണ്ടക്ടര്‍ ശല്യം ചെയ്തെന്നും ഇതു ചോദ്യം ചെയ്തതിനാണ് ക്രൂരമായി മര്‍ദിച്ചതെന്നുമാണ് ഹാരിസ് ഇബ്നു മുബാറക്ക് പറയുന്നത്. സംഭവത്തില്‍ ഇരു കൂട്ടരുടെയും പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നു മേലാറ്റൂര്‍ പോലീസ് അറിയിച്ചു.