തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടാനും നേരിടാനും സംസ്ഥാന പൊലീസില്‍ ‘കലാപ വിരുദ്ധസേന’ വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപവത്കരിക്കാനുദ്ദേശിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ പൊതുവെ കുറവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. സംസ്ഥാനത്തെ ആംഡ് ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് കലാപവിരുദ്ധ സേന രൂപവത്കരിക്കുന്നത്. നിലവില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പക്ഷേ, വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ സേനയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനത്തിനുള്ള നീക്കം. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ പ്രത്യേക പരിശീലനവും നല്‍കും. ഇത്തരത്തില്‍ പുതിയ സേന രൂപവത്കരിക്കാനുള്ള ശിപാര്‍ശ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. ഇതിനൊപ്പം കേസുകളുടെ എണ്ണമനുസരിച്ച് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയോട് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്കി. കേസുകള്‍ കുറവുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ മറ്റ് സ്റ്റേഷനുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് തീരുമാനം.