• Fri. Oct 18th, 2024
Top Tags

ദ്വിദിന ദേശീയ പണിമുടക്ക് വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍

Bydesk

Mar 25, 2022

ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 48 മണിക്കൂറാണ് പൊതുപണിമുടക്ക്. 28 ന് രാവിലെ ആറു മണി മുതല്‍ 30 ന് രാവിലെ ആറു മണി വരെയാണ് പണിമുടക്ക് നീണ്ടുനില്‍ക്കുന്നത്.

ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റസ്‌ക്യൂ പോലുള്ള അവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് സ്വകാര്യ വാഹനങ്ങളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും.

നാളെയും 27 നുമായി പന്തം കൊളുത്തി പ്രകടനങ്ങളും വിളംബരജാഥകളും സംഘടിപ്പിക്കും. പണിമുടക്ക് ദിവസങ്ങളില്‍ 48 മണിക്കൂറും സജീവമാകുന്ന സമരകേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ചുരുങ്ങിയത് 25 കേന്ദ്രങ്ങള്‍ വീതം തുറക്കും. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ ഒമ്പത് മണിക്ക് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് അതാത് സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍, പ്രസംഗങ്ങള്‍,കലാപരിപാടികള്‍, ചര്‍ച്ചാ വേദികള്‍ എന്നിങ്ങനെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എസ്ഐഡബ്ള്യുഎ, എച്ച്എംഎസ്, എഐയുടിയുസി, കെടിയുസി, എന്‍ടിയുഐ, ഐഎന്‍എല്‍സി, കെടിയുസി(എം), ജെടിയു, എസ്‍ടിയു, യുടിയുസി, ടിയുസിസി,എന്‍എല്‍സി, ടിയുസിഐ, എച്ച്എംകെപി, ജെഎന്‍സി, എഐസിടിയു, ജെസിയു എന്നീ സംഘടനകള്‍ സംസ്ഥാനത്ത് പണിമുടക്കില്‍ പങ്ക് ചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *