• Fri. Oct 18th, 2024
Top Tags

രാജഗിരി ഇടക്കോളനി മുളപ്പാലം അപകടാവസ്ഥയിൽ

Bydesk

Mar 30, 2022

ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ രാജഗിരി ഇടക്കോളനി ഭാഗത്തെ മുളപ്പാലം അപകടാവസ്ഥയിൽ. ചെറുപുഴ പഞ്ചായത്തിലെ 8-ാം വാർഡിൽപെട്ട രാജഗിരി ഇടക്കോളനിയിൽ നിർമിച്ച മുളപ്പാലമാണ് ഏതുസമയവും തകർന്നു വീഴാവുന്ന നിലയിലായത്. കഴിഞ്ഞ വർഷം പുതുക്കിപ്പണിത മുളപ്പാലമാണിത്. മഴക്കാലത്തിനു മുൻപ് മുളപ്പാലം പുതുക്കിപ്പണിതില്ലെങ്കിൽ കോളനി നിവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്ന ഏക മാർഗവും ഇല്ലാതാകും. മുളപ്പാലത്തിനു പകരം ഇരുമ്പുപ്പാലം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട്  തുടർനടപടികളൊന്നും ഉണ്ടായില്ല.

തേജസ്വിനിപ്പുഴയുടെ ഇരു കരകളിലുമുള്ള മരങ്ങളിൽ മുളകൾ ബന്ധിപ്പിച്ചാണു താൽക്കാലിക പാലം നിർമിക്കുന്നത്. മഴയും വേനലുമേൽക്കുന്നതാണു മുളപ്പാലത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. മഴക്കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കോളനി നിവാസികൾ മുളപ്പാലം കടന്നാണു പ്രധാന പാതയിലെത്തുന്നത്. പാലത്തിലെ മുളകൾ പലതും ഒടിഞ്ഞു അപകടാവസ്ഥയിലായതോടെ പുഴയിലൂടെ നടന്നാണു കോളനി നിവാസികൾ ഇപ്പോൾ റോഡിലെത്തുന്നത്.

ഇടക്കോളനിയുടെ ഒരു ഭാഗം കർണാടക വനവും മറുഭാഗം തേജസ്വിനിപ്പുഴയുമാണ്. മഴക്കാലമായാൽ വനത്തിൽ നിന്നിറങ്ങി വരുന്ന കാട്ടാനകളും കുലംകുത്തി ഒഴുകുന്ന തേജസ്വിനിപ്പുഴയും കോളനി നിവാസികൾക്ക് പേടിസ്വപ്നമാണ്. തങ്ങളുടെ ദുരിതജീവിതത്തിനു അറുതി വരുത്താൻ പുഴയ്ക്ക് കുറുകെ  ഇരുമ്പുപാലം പണിയണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിനു ഏറെ കാലപ്പഴക്കമുണ്ട്.

എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല നടപടികളൊന്നും ഉണ്ടായില്ല. ഏതാനും വർഷം മുൻപ് കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ മുളപ്പാലം ഒഴുകിപ്പോയിരുന്നു. അന്ന് കോളനി നിവാസികളെ സാഹസികമായി കാനംവയൽ വഴിയാണ് പുറത്തെത്തിച്ചത്. പിന്നീട് പഞ്ചായത്തും നാട്ടുകാരും ചേർന്നാണു മുളപ്പാലം പുനർനിർമിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *