• Fri. Oct 18th, 2024
Top Tags

ഗതികെട്ട് ‘കുടിയേറിപ്പാർത്ത’ എഇഒ ഓഫിസിന് വീണ്ടും കഷ്ടകാലം

Bydesk

Mar 30, 2022

പയ്യന്നൂർ ∙ ‘ടിൻ ഷീറ്റുകൾ മേൽക്കൂരയാക്കിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എഇഒ ഓഫിസിനു വിദ്യാഭ്യാസ വകുപ്പ് സ്വന്തം കെട്ടിടം പണിയുമോ?’ പയ്യന്നൂർ ഉപജില്ലയിലെ അധ്യാപകരിൽ നിന്ന് ഉയരുന്ന ചോദ്യമാണിത്. പയ്യന്നൂർ ഉപജില്ലയിൽ 92 വിദ്യാലയങ്ങളാണ് ഉള്ളത്. ഉപജില്ലാ ഓഫിസ് അനുവദിച്ച കാലം തൊട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടി വന്ന ഈ ഓഫിസ് 35 വർഷം മുൻപാണ് ബോയ്സ് ഹൈസ്കൂളിലെ ഉപയോഗശൂന്യമായ പഴയ കെട്ടിടത്തിൽ ‘കുടിയേറിപ്പാർത്തത്’. അതുകൊണ്ട് ഇപ്പോൾ വാടക നൽകേണ്ടതില്ല.

കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ മേൽക്കൂര ചോർന്നൊലിച്ചു ദ്രവിക്കാൻ തുടങ്ങിയപ്പോൾ മരാമത്ത് വകുപ്പ് മേൽക്കൂര പൂർണമായും പുനർനിർമിക്കാൻ കഴിയില്ലെന്നു വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. താൽക്കാലിക സംവിധാനമായി കഴുക്കോലും ഓടുകളും മാറ്റി മുകളിൽ ടിൻ ഷീറ്റ് സ്ഥാപിച്ചു നൽകി. വർഷങ്ങളായി മഴയും വെയിലും കൊണ്ട് ഇതും തുരുമ്പെടുത്ത് ദ്വാരം വീണു.

മഴക്കാലത്ത് ഈ മേൽക്കൂരയിൽ വെള്ളം വീഴുന്ന ശബ്ദം കൊണ്ട് സ്കൂളിലെ ക്ലാസുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റി എഇഒ ഓഫിസിനു പുതിയ കെട്ടിടം പണിയണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം എഇഒയും ജീവനക്കാരും ടി.ഐ.മധുസൂദനൻ എംഎൽഎക്കു മുന്നിൽ സമർപ്പിച്ചിരുന്നു. എഇഒ ഓഫിസ് ഉൾപ്പെട്ട വിദ്യാഭ്യാസ കോംപ്ലക്സ് പണിയാൻ 3 കോടി രൂപയുടെ പദ്ധതി തയാറാക്കി എംഎൽഎ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ധനവകുപ്പു കനിഞ്ഞാൽ കെട്ടിടം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *