• Fri. Oct 18th, 2024
Top Tags

പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം പൂർണതയിലെത്തുന്നത് സ്വപ്നം കണ്ട് നാട്ടുകാർ

Bydesk

Mar 31, 2022

പയ്യന്നൂർ ∙ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം യാഥാർഥ്യമാകുമോ?  ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് ഏച്ചിലാംവയൽ കുന്നിന് മുകളിലുള്ള വാനനിരീക്ഷണകേന്ദ്രം. പാവൂർ നാരായണൻ ചെയർമാനും കെ.ഗംഗാധരൻ സെക്രട്ടറിയുമായാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ആസ്ട്രോ എന്ന പേരിൽ ജനകീയ സംഘടന റജിസ്റ്റർ ചെയ്ത് വാനനിരീക്ഷണകേന്ദ്രം തുടങ്ങിയത്. ആകാശ കാഴ്ചകൾ വ്യക്തതയോടെ കാണാൻ പറ്റുന്ന ഏച്ചിലാംവയൽ കുന്നിനു മുകളിൽ ഒരു ഏക്കർ സ്ഥലത്താണ് ഇത് തുടങ്ങിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് പഠിക്കാനുള്ള ഒരു കേന്ദ്രമായി ഇതിനെ നാട്ടുകാർ വളർത്തിയെടുത്തിട്ടുണ്ട്. ആകാശ വിസ്മയങ്ങളെല്ലാം ഈ കേന്ദ്രത്തിൽ വച്ച് കാണുവാനും മനസ്സിലാക്കാനുമുള്ള സൗകര്യം ഇവിടെ സജ്ജമാണ്. വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഈ കേന്ദ്രത്തിന് പി.കരുണാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് ഓഫിസ് കെട്ടിടവും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒടുവിൽ പ്രഫ.ടി.പി.ശ്രീധരന്റെ സ്മരണയ്ക്കായി മോഡൽ പ്ലാനറ്റേറിയവും സ്ഥാപിച്ചു.

ആകാശത്ത് കാണുന്ന 50 നക്ഷത്ര ഗണങ്ങൾ, ഗ്രഹണങ്ങൾ, നെബുലകൾ, ഗാലക്സികൾ, വാൽനക്ഷത്രം, ചന്ദ്രൻ എന്നിവയെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ഈ നക്ഷത്ര കൂടാരം ഒരുക്കിയിട്ടുള്ളത്. എങ്കിലും വാനനിരീക്ഷണകേന്ദ്രം പൂർണതയിലെത്തിക്കാനും ഒപ്പം വിനോദ സഞ്ചാര കേന്ദ്രമാക്കാനും സർക്കാരിന്റെ സഹായം വേണം. അതിനു വേണ്ടി നാട്ടുകാരുടെ കമ്മിറ്റി ഒരു ഏക്കർ സ്ഥലവും നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി ഒരു നാട് നെഞ്ചേറ്റി വളർത്തിയ വാനനിരീക്ഷണകേന്ദ്രം പൂർണതയിൽ എത്തിച്ച് കേരളത്തിൽ അറിയപ്പെടുന്ന വാന നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റാൻ ടി.ഐ.മധുസൂദനൻ എംഎൽഎ സർക്കാരിന് മുന്നിൽ 11 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നക്ഷത്ര കൂടാരം ഉദ്ഘാടനം ചെയ്യാനെത്തിയ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത് ജനങ്ങളിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *