• Fri. Sep 20th, 2024
Top Tags

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം

Bynewsdesk

Oct 26, 2023

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്.

കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചതെന്ന് ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. അതിനിടെ, കാക്കനാട് മേഖലയിൽ ലൈസൻസ് ഇല്ലാതെ നിരവധി ഭക്ഷ്യ വില്പനശാലകൾ പ്രവർത്തിക്കുന്നുണ്ട് എന്ന വിവരവും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്.

അതേസമയം, കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യാവസ്ഥ മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടർ അറിയിച്ചു. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് പുറത്തുവരണം. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് ഡോക്ടർ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി. മരണം സ്ഥിരീകരിച്ചത് ഉച്ച കഴിഞ്ഞ് 2.55ഓടെയാമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. ഡോക്ടറോട് യുവാവ് നൽകിയ മൊഴിപ്രകാരം ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *