• Thu. Sep 19th, 2024
Top Tags

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതസഭ രൂപീകരിച്ചു

Bynewsdesk

Nov 2, 2023

കേളകം: എന്റെ വിദ്യാലയം ഹരിത വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഹരിതസഭയുടെ ഉദ്ഘാടനം സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ നിർവഹിച്ചു. ഫാ. വർഗീസ് കവണാട്ടേല്‍ അധ്യക്ഷനായിരുന്നു.

 

ഓരോ ക്ലാസില്‍നിന്നും സ്വയം സന്നദ്ധരായി വന്ന 24 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഹരിതസഭ രൂപീകരിച്ചത്. കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചേർന്നാൽ  ഒരു വസ്തുവും വലിച്ചെറിഞ്ഞ് മാലിന്യമാക്കാതിരിക്കുക എന്നതാണ് ഹരിതസഭയുടെ ലക്ഷ്യം. അതിനായി, ഓരോ ക്ലാസ് മുറികളിലും വേസ്റ്റ് ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഒരു തരത്തിലുള്ള മാലിന്യവും വലിച്ചെറിയാൻ പാടില്ല. പേപ്പർ, പ്ലാസ്റ്റിക്, ഉപയോഗിച്ച പേന എന്നിവ കുട്ടികള്‍ ക്ളാസ് മുറികളിലെ വേസ്റ്റ് ബോക്സിലാണ് നിക്ഷേപിക്കേണ്ടത്.

ഓരോ ദിവസവും വൈകുന്നേരം ഹരിതസഭാംഗങ്ങൾ അവരവരുടെ ക്ലാസിലെ വേസ്റ്റ് ബോക്സിൽ നിന്നും മാലിന്യങ്ങൾ എടുത്ത് തരംതിരിച്ച് സ്കൂളിന്റെ വിവിധ മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള യൂസ്ഡ് പെൻഡ്രൈവ്, പേപ്പർ ബിൻ, പ്ലാസ്റ്റിക് ബിൻ എന്നിവയിൽ നിക്ഷേപിക്കും. ആഴ്ചയിലെ അവസാന ദിവസം സ്കൂൾ വിട്ടതിന് ശേഷം  ഹരിതസഭയിലെ കുട്ടികൾ  വിവിധ പെട്ടികളിലായി സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി സൂക്ഷിച്ചു വെക്കുകയും ചെയ്യും. ഇത് പിന്നീട് പഞ്ചായത്തിൽ നിന്നും വരുന്ന ഹരിതകർമ്മസേനയ്ക്ക് കൈമാറും.

പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ് സ്കൂൾ ക്യാമ്പസ്. എങ്കിലും, കുട്ടികളുടെ കയ്യിൽ എത്തിപ്പെടുന്ന പ്ലാസ്റ്റിക് ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നത് വഴി വലിച്ചെറിയൽമുക്ത സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന് സാധിക്കും. ചുരുട്ടിയും കഷണങ്ങളാക്കിയും നശിപ്പിച്ചു കളയാതെ പേപ്പറുകൾ ശേഖരിച്ച് വിൽക്കുന്നത് വഴി ഹരിതസഭയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ പണം സമാഹരിക്കാൻ സാധിക്കും. ഉപയോഗശൂന്യമായ പേനകൾ വലിച്ചെറിയുക എന്നത് കുട്ടികളുടെ ഒരു പൊതു സ്വഭാവമാണ്. ഈ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനും വലിച്ചെറിയൽമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുമായാണ് യൂസ്ഡ് പെൻഡ്രൈവ് സ്ഥാപിച്ചിരിക്കുന്നത്. അതുവഴി, സ്കൂൾ ക്യാമ്പസിലോ വഴിയോരങ്ങളിലോ ഉപയോഗിച്ച പേനകൾ വലിച്ചെറിയാതിരിക്കാനുള്ള ഒരു സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്താൻ സാധിക്കും.

വലിച്ചെറിയൽമുക്ത സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് സഹായിക്കുന്ന മാതൃകാപരമായ ഒരു പ്രവർത്തനമായിട്ടാണ് ഹരിത സഭയുടെ പ്രവർത്തനങ്ങളെ സ്കൂൾ നേതൃത്വവും വിദ്യാഭ്യാസ വകുപ്പും കാണുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം വി മാത്യു, ഫാ. എൽദോ ജോൺ  എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *