• Fri. Sep 20th, 2024
Top Tags

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു.

Bynewsdesk

Nov 3, 2023

കണ്ണൂർ : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. 2022-ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മുഖ്യമന്ത്രിയുടെ വാർഷിക പുരസ്കാരം ലഭിച്ചത്.

2022-ൽ ശ്രീജിത്ത് കൊടേരിയുടെ ഏഴുമാസത്തെയും പിന്നീട് ബിനുമോഹൻ ഇൻസ്പെക്ടറായ കാലത്തെയും പ്രവർത്തനത്തിനാണ് പുരസ്കാരം. മികച്ച ക്രമസാധാനപാലനം, കേസുകൾ തീർപ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഈ കാലത്താണ് വാരത്തെ ആയിഷ കൊലക്കേസിലെ പ്രതികളെ അസമിൽ പിടിച്ചത്. അത് സംസ്ഥാന പോലീസ് സേനയ്ക്ക് മാതൃകയായിരുന്നു. രണ്ട് കിലോഗ്രാം എം.ഡി.എം.എ.യുമായി നൈജീരിയ സ്വദേശികളടക്കം 13 പേരെ അറസ്റ്റ്‌ ചെയ്തത്‌ സംസ്ഥാനം ശ്രദ്ധിക്കപ്പെട്ട ലഹരിവേട്ടയായിരുന്നു. 2022-ൽ 200-ലധികം മയക്കുമരുന്ന്‌ കേസുകൾ പിടികൂടിയത് ലഹരി സംഘങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായിരുന്നു. നേരിയ പോയന്റിനാണ് ഒന്നാംസ്ഥാനം നഷ്ടമായത്.

ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ ഒരുവർഷത്തിനിടെ 35-ഓളം കേസുകളിൽ പ്രതികളെ പിടിച്ചതും നേട്ടങ്ങളുടെ പട്ടികയിലെത്തിച്ചു. വിവിധ കേസുകളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായതും സേനയുടെ വിശ്വാസം വർധിപ്പിച്ചു.

2016-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴാമത്തെ പോലീസ് സ്റ്റേഷനായും സംസ്ഥാനത്തെ ഒന്നാമത്തെ സ്റ്റേഷനായും വളപട്ടണം പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തിരിരുന്നു. ശ്രീജിത്ത് കൊടേരി എസ്.ഐ.യും. ടി.കെ.രത്നകുമാർ ഇൻസ്പെക്ടറുമായിരുന്ന കാലത്താണ് പോലീസ് സേനയ്ക്ക് അഭിമാന മുഹൂർത്തം സമ്മാനിച്ച നേട്ടമുണ്ടായത്. അന്നത്തെ ഡിവൈ.എസ്.പി. പി.പി.സദാനന്ദനും മികച്ച പിന്തുണ നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *