• Fri. Sep 20th, 2024
Top Tags

തലശ്ശേരി കോടതിയിലെ രോഗ ബാധ: പരിശോധന ഫലം പുറത്ത്; ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

Bynewsdesk

Nov 4, 2023

തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു.

ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് പരത്തുന്ന രോഗമാണ് സിക. നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.  മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ, നൂറോളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനാകാത്തതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. രോഗലക്ഷണങ്ങളുളളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. കോടതിയിലെ വെളളവും പരിശോധനയ്ക്കയച്ചിരുന്നു. ഒരേ രോഗലക്ഷണങ്ങൾ നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലർക്ക് അനുഭവപ്പെട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലർക്കും ലക്ഷണങ്ങൾ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.

ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മൂന്ന് കോടതികൾ രണ്ട് ദിവസം പ്രവർത്തിച്ചില്ല. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആ‍ർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *